തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ് നാളെ തുടങ്ങും. സര്‍ക്കാര്‍ ഒരു മാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികള്‍ കേള്‍ക്കും. അതേസമയം ധൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം നവകേരളസദസ് ബഹിഷ്‌കരിക്കും. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
രാഷ്ട്രീയ യാത്രകള്‍ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും മന്ത്രിസഭ ഒന്നടങ്കം നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഇറങ്ങുന്ന സര്‍ക്കാര്‍ പരിപാടി കേരള ചരിത്രത്തില്‍ ഇതാദ്യമാണ്. എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുകയാണ് സര്‍ക്കാര്‍.
നവകേരള സദസില്‍ പ്രഭാത സംവാദത്തിനുശേഷം ദിവസവും നാലു പൊതുയോഗങ്ങളുണ്ടാകും. ഒരു ദിവസം പരമാവധി നാലുമണ്ഡലങ്ങളിലാണ് സദസ്. പൊതുയോഗങ്ങള്‍ക്ക് മുമ്പ് കലാപരിപാടികളുണ്ടാകും. ഒരുമാസത്തിലേറെ മന്ത്രിമാരെല്ലാം സെക്രട്ടറിയേറ്റില്‍നിന്ന് മാറിനില്‍ക്കും. ഇതിനിടെ അഞ്ച്മന്ത്രിസഭായോഗങ്ങള്‍ നടത്തും.
സദസിന്റെ ഭാഗമായി പൊതുയോഗങ്ങളും പൗരപ്രമുഖരുമായി കൂടിക്കാഴ്ചയുമുണ്ടാകും. സ്വാതന്ത്ര്യ സമര പോരാളികള്‍, മഹിളാ-യുവവിദ്യാര്‍ത്ഥി പ്രതിനിധികള്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പിന്നാക്ക വിഭാഗത്തിലെ പ്രതിഭകള്‍, സാമുദായിക നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ കുറഞ്ഞത് 250 പേര്‍ സംവാദത്തിനുണ്ടാകും.
സദസ് തുടങ്ങുന്നതിന് മൂന്നുമണിക്കൂര്‍മുമ്പ് പ്രത്യേക പന്തലില്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് തുടങ്ങും. തുടര്‍ നടപടികള്‍ക്കായി രസീത് നല്‍കും. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക കൗണ്ടറുകളുണ്ടാകും. കുടിവെള്ളം, ശൗചാലയം, വൈദ്യസഹായം എന്നിവയുണ്ടാകും. പരാതികളുടെ പുരോഗതി വീക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. കഴിയുന്നവ അന്നുതന്നെ തീര്‍പ്പാക്കും. അവശേഷിക്കുന്നവയില്‍ തീരുമാനം പിന്നീട് അറിയിക്കും.
ഒരു ദിവസം പോകുന്ന മണ്ഡലങ്ങളിലെ വിവിധ മേഖലയിലുള്ള പ്രമുഖരെ ജില്ലാ ഭരണകൂടം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുമായി രാവിലെ 9 മണി മുതല്‍ പത്ത് വരെ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കും. ശേഷം മണ്ഡലത്തിലേക്ക്. മുഖ്യമന്ത്രി എല്ലായിടത്തും പ്രസംഗിക്കും. റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും. അടുത്ത രണ്ടര വര്‍ഷക്കാലത്തെ സര്‍ക്കാര്‍ ലക്ഷ്യങ്ങളും അവതരിപ്പിക്കും. ഓരോ മണ്ഡല സദസ് വേദികളിലും പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടര്‍. ആവശ്യമെങ്കില്‍ മന്ത്രിമാരും പരാതികള്‍ കേള്‍ക്കും. വരുന്ന പരാതികളുടെ ഫോളോ അപ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഏകോപിക്കണം. സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും.