ആലപ്പുഴ: അരൂരില്‍ തഹസില്‍ദാര്‍, പോക്സോ കേസ് അതിജീവിതയുടെ വിവരങ്ങള്‍ പരസ്യമാക്കിയതായി പരാതി. വൈക്കം തഹസില്‍ദാര്‍ റെജിക്കെതിരെയാണ് അതിജീവിതയുടെ കുടുംബം പരാതി നല്‍കിയത്. കൈക്കൂലി ആവശ്യപ്പെട്ടത് വിജിലന്‍സിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് മജിസ്ട്രറ്റിന്റെ ചുമതലയുള്ള തഹസില്‍ദാര്‍ ക്രൂരത കാട്ടിയതെന്നും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.
പോക്സോ കേസുമായി ബന്ധപ്പെട്ട് ആവശ്യമായിവന്ന ജാതി സര്‍ട്ടിഫിക്കറ്റിനായി തഹസില്‍ദാരെ സമീപിച്ചപ്പോള്‍ ഇയാള്‍ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ കുടുംബം വിജിലന്‍സിന് പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തില്‍ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് ജില്ലാ കളക്ടര്‍ ഇടപെട്ട് ലഭിച്ചു. തുടര്‍ന്നാണ് തഹസില്‍ദാര്‍ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് നിയമലംഘനം നടത്തിയത്.
നാട്ടിലെ സാമുദായിക നേതാക്കളോടാണ് തഹസില്‍ദാര്‍ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇവര്‍ ഇത് പൊതുസ്ഥലത്തുവച്ച് കുട്ടിയുടെ മാതാവിനോട് ചോദിച്ചു. ഇതിന്റെ മനോവിഷമത്തില്‍ മാതാവ് രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
സംഭവത്തില്‍ അരൂര്‍ പൊലീസ്, ജില്ലാ പൊലീസ് മേധാവി, സി.ഡബ്ല്യു.സി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇയാള്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.