കൊട്ടാരക്കര: ഡോ.വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സന്ദീപ് സമൂഹവിരുദ്ധ പ്രവണതയുള്ളയാളെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. മോഹന്‍ റോയ് ചെയര്‍മാനായുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൊട്ടാരക്കര കോടതിയില്‍ സമര്‍പ്പിച്ചു.
പ്രധാനമായും മൂന്നു കാര്യങ്ങളാണ് സന്ദീപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും മനോനിലയെക്കുറിച്ചും റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഇയാളുടെ മുന്‍ രീതികള്‍കൂടി കണക്കാക്കുമ്പോള്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പ്രവണതയുള്ള ആളാണ്. ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസികവിഭ്രാന്തി ഇയാളില്‍ ഉണ്ടാകാമെന്നും ലഹരി ഉപയോഗം നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള മാനസികചേഷ്ടകള്‍ പ്രകടിപ്പിക്കുന്നയാളാണ് സന്ദീപെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകസമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നതിന് അന്വേഷണസംഘത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പത്തുദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലില്‍ നിരീക്ഷിച്ചും ഇയാളുടെ മുന്‍കാലപ്രവൃത്തികള്‍ അവലോകനം ചെയ്തുമാണ് മെഡിക്കല്‍ ബോര്‍ഡ് നിഗമനങ്ങളില്‍ എത്തിയത്. മനശ്ശാസ്ത്രം, മനോരോഗം, ജനറല്‍ മെഡിസിന്, നാഡി, അസ്ഥി, ഒഫ്ത്താല്‍മോളജി, യൂറോളജി, ക്ലിനിക്കല്‍ സൈക്കോളജി തുടങ്ങി എട്ട് വിഭാഗങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ് സന്ദീപിനെ നിരീക്ഷിച്ചത്. മദ്യലഹരിയിലും അല്ലാതെയും ഇയാള്‍ ബന്ധുക്കളെയും മറ്റുള്ളവരെയും അക്രമിച്ചിട്ടുള്ളതുള്‍പ്പെടെയുള്ള വിവരങ്ങള്‍ സംഘം പരിശോധിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.