കൊച്ചി: ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍.കുട്ടി(33)യെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് രാഹുലിനെ മാടവനയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഇന്നലെ രാത്രി വീട്ടിലെത്തി രാഹുലിനെ ഫോണില്‍ തുടരെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. അവര്‍ 12 മണിയോടെ മാടവനയിലെത്തി രാഹുലിന്റെ അച്ഛനെ വിളിച്ച് രാഹുല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന വിവരം പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ മുറിയില്‍ ചെന്നുനോക്കിയപ്പോളാണ് ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ രാത്രി രാഹുല്‍ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞു. അടുത്തിടെ രാഹുല്‍ പനമ്പള്ളി നഗറില്‍ പാര്‍ട്ട്ണര്‍ഷിപ്പില്‍ കോഫി ഷോപ്പ് തുടങ്ങിയിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് രാഹുലിന്റെ ഫോണ്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മാടവന ഉദയത്തുംവാതില്‍ കിഴിക്കേകിഴവന നാരാണന്‍ കുട്ടിയുടേയും ഷൈലജമേനോന്റെയും മകനാണ് രാഹുല്‍. ഭാര്യ: ശ്രീപ്രിയ. മകന്‍: ഇഷിത്. സഹോദരന്‍: രോഹിത് (ദുബൈ). സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്നതും ചര്‍ച്ച ചെയ്യുന്നതുമായ ഓണ്‍ലൈന്‍ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. കഴിഞ്ഞ ദിവസം ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വിഡിയോ രാഹുല്‍ ചെയ്തിരുന്നു. 2015ലാണ് കമ്മ്യൂണിറ്റി തുടങ്ങിയത്. ഫേസ്ബുക്ക് ഫണ്ട് നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. കമ്മ്യൂണിറ്റിയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 ഡോളര്‍ ഫേസ്ബുക്ക് നല്‍കിയിരുന്നു. നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഈറ്റ് കൊച്ചി ഈറ്റ് കമ്മ്യൂണിറ്റിക്കുള്ളത്.