വിക്രം ലാന്‍ഡര്‍ 23ന് ചന്ദ്രനിലിറങ്ങും
ബംഗളുരു: ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യവീഡിയോ ദൃശ്യം ഐ എസ്ആര്‍ ഒ പുറത്തു വിട്ടു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യത്തില്‍ ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങള്‍ വ്യക്തമായി കാണാനാകുന്നുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍-3-ന്റെ ആദ്യ ഭ്രമണപഥം ഞായറാഴ്ച രാത്രി പതിനൊന്നോടെവിജയകരമായി താഴ്ത്തിയിരുന്നു.
ഇതോടെ പേടകം ചന്ദ്രനില്‍നിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലെത്തി. ഇതിന് ശേഷം ചന്ദ്രയാന്‍ പകര്‍ത്തിയ ചാന്ദ്രദൃശ്യമാണ് ഐ എസ്ആര്‍ ഒ പുറത്തു വിട്ടത്. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
ശനിയാഴ്ചയാണ് ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. വരും ദിവസങ്ങളില്‍ വിവിധഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തി 17-ന് പേടകത്തെ ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കും. 23-ന് വൈകിട്ട് 5.47-നാണ് വിക്രം ലാന്‍ഡര്‍ പേടകത്തിന്റെ ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ബംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.