ന്യൂഡല്‍ഹി:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി സൂചന. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് നിയമ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടി ഉത്തരവിറക്കി. 30 ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് നിയമ കമ്മീഷന്‍ അദ്ധ്യക്ഷന്‍ റിതു രാജ് അവസ്തിയുടെ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ്. നിയമ കമ്മീഷന്‍ വെബ്സൈറ്റ് വഴിയോ ഇ-മെയിലിലൂടെയോ പൊതുജനങ്ങള്‍ക്കും അംഗീകൃത മത സംഘടനകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാമെന്നാണ് അറിയിപ്പ്. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 2018-ല്‍ നിയമ കമ്മിഷന്‍ പൊതുജനാഭിപ്രായം ആരാഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് മൂന്ന് വര്‍ഷത്തിലേറെ ആയ സാഹചര്യവും വിഷയം സംബന്ധിച്ച വിവിധ കോടതി ഉത്തരവുകളും കണക്കിലെടുത്താണ് വീണ്ടും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നതെന്നാണ് നിയമ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളും വ്യാപകമാണ്.