Header ads

CLOSE

ഗസ്റ്റ് അദ്ധ്യാപികയാകാന്‍ വ്യാജ രേഖ; കെ. വിദ്യക്കെതിരെ കേസ്

ഗസ്റ്റ് അദ്ധ്യാപികയാകാന്‍ വ്യാജ രേഖ; കെ. വിദ്യക്കെതിരെ കേസ്

കൊച്ചി: ഗസ്റ്റ് അദ്ധ്യാപികയാകാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ യുവതിക്കെതിരെ കേസ്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് മഹാരാജാസ് കോളേജില്‍ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖ വിദ്യ സമര്‍പ്പിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു അട്ടപ്പാടി ഗവ. കോളജില്‍ മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍ അഭിമുഖം. അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്ക്, മഹാരാജാസ് കോളജിന്റെ ലോഗോയും സീലും അടങ്ങിയ രേഖയില്‍ സംശയം തോന്നി. തുടര്‍ന്ന് കോളജുമായി ബന്ധപ്പെട്ടപ്പോള്‍ രേഖ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 2018-19, 2020-21 കാലയളവില്‍ മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്‌തെന്നാണ് രേഖയിലുണ്ടായിരുന്നത്. എന്നാല്‍ 10 വര്‍ഷമായി മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിട്ടില്ലെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ വിദ്യക്കെതിരെ കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐപിസി 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരെ കേസെടുത്തത്.
വിദ്യ കാസര്‍കോട് കോളജിലും പാലക്കാട്ടെ ഒരു കോളേജിലും ഇതേ രേഖകള്‍ കാണിച്ച് ജോലിചെയ്തിരുന്നതായി വിവരമുണ്ട്. 2016 മുതല്‍ 18 വരെ മഹാരാജാസില്‍ എംഎ മലയാളം വിദ്യാര്‍ത്ഥിയായിരുന്ന വിദ്യ, പിജി റെപ്പായി എസ് എഫ് ഐ പാനലില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിദ്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനം ലഭിച്ചതിലും ഉന്നത ഇടപെടല്‍ ഉണ്ടെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.റിസര്‍ച്ച് കമ്മിറ്റി തയാറാക്കിയ ആദ്യ പത്തു പേരുടെ പട്ടികയില്‍ വിദ്യ ഉണ്ടായിരുന്നില്ല. പിന്നീട് അഞ്ചുപേരെകൂടി ഉള്‍പ്പെടുത്തി വിദ്യയ്ക്ക് പ്രവേശനം നല്‍കിയെന്നും ഇതിനായി സംവരണം അട്ടിമറിച്ചെന്നും ഷമ്മാസ് ആരോപിക്കുന്നു.
ഇതെ രാഷ്ട്രീയബന്ധം ഉപയോഗിച്ചാണ് വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads