Header ads

CLOSE

കശ്മീരില്‍ കാര്‍ കൊക്കയില്‍ വീണ് 4 മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

കശ്മീരില്‍ കാര്‍ കൊക്കയില്‍  വീണ് 4 മലയാളികള്‍  ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ്

ശ്രീനഗര്‍: കശ്മീരിലെ സോജില പാസില്‍ കാര്‍ കൊക്കയിലേയ്ക്ക് വീണ് പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ 4 വിനോദസഞ്ചാരികളും കശ്മീര്‍ സ്വദേശിയായ ഡ്രൈവറും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശ്രീനഗര്‍ലേ ഹൈവേയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. സുഹൃത്തുക്കളും അയല്‍ക്കാരുമായ, ചിറ്റൂര്‍ നെടുങ്ങോട് രാജേന്ദ്രന്റെ മകന്‍ അനില്‍ (34), സുന്ദരന്റെ മകന്‍ സുധീഷ് (33), കൃഷ്ണന്റെ മകന്‍ രാഹുല്‍ (28), ശിവന്റെ മകന്‍ വിഘ്‌നേഷ് (22) എന്നിവരും കാര്‍ ഡ്രൈവര്‍ ശ്രീനഗര്‍ സത്‌റിന കന്‍ഗന്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25)ആണ് മരിച്ചത്.
മനോജ് എം.മഹാദേവ് (25), അരുണ്‍ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റു രണ്ടു പേരും സോനാമാര്‍ഗ് സര്‍ക്കാര്‍ ആശുപത്രിയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണ് പരിക്കേറ്റ രാജേഷ്. 
ചിറ്റൂരില്‍ നിന്ന് 13 പേരുടെ സംഘം നവംബര്‍ 30നാണ് ട്രെയിനില്‍ പുറപ്പെട്ടത്. സുഹൃത്തുക്കള്‍ ചേര്‍ന്നു കുറി നടത്തിയാണ് തുക സ്വരൂപിച്ചത്. 5 വര്‍ഷമായി ഇവര്‍ ഇത്തരത്തില്‍ യാത്ര പോകാറുണ്ട്. സോനാമാര്‍ഗിലേയ്ക്ക് രണ്ടു കാറുകളിലെത്തിയ സംഘം പനിമത്ത് പാസില്‍ സ്‌കീയിങ് നടത്തി മടങ്ങുമ്പോള്‍ സീറോ പോയിന്റില്‍ വച്ച് ഒരു കാര്‍ റോഡില്‍ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നുവെന്നു ഗന്ദേര്‍ബാല്‍ എസ്പി നിഖില്‍ ബോര്‍ക്കര്‍ പറഞ്ഞു.
ഡ്രൈവര്‍ വാഹനത്തില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. നേരത്തെ ഡല്‍ഹിയും ആഗ്രയും സന്ദര്‍ശിച്ച സംഘം 10ന് തിരിച്ചു വരാനിരിക്കെയാണ് ദുരന്തം. 
നിര്‍മ്മാണത്തൊഴിലാളിയാണ് അനില്‍. ദൈവാനയാണ് അമ്മ. ഭാര്യ സൗമ്യ. സര്‍വേ ജോലി ചെയ്യുന്നയാളാണ് സുധീഷ്. പ്രേമയാണ് അമ്മ. ഭാര്യ  മാലിനി. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് രാഹുല്‍. ചന്ദ്രികയാണ് അമ്മ. ഭാര്യ നീതു. കടയിലെ ജീവനക്കാരനാണ് വിഘ്‌നേഷ്. അമ്മ: പാര്‍വതി. മൃതദേഹങ്ങള്‍ വൈകാതെ വിമാനമാര്‍ഗം നാട്ടിലെത്തിക്കും.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads