തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം മദ്ധ്യ തെക്കന്‍ അറബിക്കടലിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ബിപോര്‍ജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മദ്ധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപകമഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ത്യന്‍ പശ്ചിമ തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, കറാച്ചി തീരത്തേക്ക് നീങ്ങാനാണ് നിലവില്‍ സാധ്യത. ഒമാന്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 155 കി.മീ വരെ വേഗം പ്രതീക്ഷിക്കാം. ചുഴലിക്കാറ്റിന്റെ സാന്നിദ്ധ്യം കേരളത്തിലും മഴയ്ക്ക് കാരണമാകും. ഇന്നും നാളെയും തെക്കന്‍, മദ്ധ്യ കേരളത്തില്‍ മഴ സജീവമാകും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കാലവര്‍ഷം കേരളത്തിലേക്ക് എത്തിക്കുന്നതില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് നിര്‍ണായകമാണ്.