ഇംഫാല്‍:മണിപ്പൂരില്‍ നിന്ന് കഴിഞ്ഞ ജൂലായില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി വിവരം. വിദ്യാര്‍ത്ഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ല. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ ഈ കേസന്വേഷണം സിബിഐക്ക് കൈമാറി. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട 17 വയസുള്ള പെണ്‍കുട്ടിയെയും 20 വയസുള്ള യുവാവിനെയുമാണ് ജൂലായ് മുതല്‍ കാണാതായത്. കാണാതായ ഇരുവരും ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാമ്പിന് സമീപം പുല്‍ത്തകിടിയിലിരിക്കുന്ന ചിത്രങ്ങളാണ് ആദ്യം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നീട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ നിലത്തു കിടക്കുന്ന് മറ്റൊരു ചിത്രവും പ്രചരിക്കുന്നു. മണിപ്പുരില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിനിടെ വിദ്യാര്‍ത്ഥികളെ കാണാതായത് വിവാദമായിരുന്നു. കടയിലെ സിസിടിവിയില്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എങ്കിലും കണ്ടെത്താനായില്ല.