ന്യൂഡല്‍ഹി: കോടതി മുറിയില്‍ 'മൈ ലോഡ്' എന്ന് അഭിസംബോധന ചെയ്യുന്നതില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് പി.എസ്.നരസിംഹ അനിഷ്ടം അറിയിച്ചു. ജസ്റ്റീസ് എ.എസ്.ബൊപ്പണ്ണയ്‌ക്കൊപ്പം കേസില്‍ വാദം കേള്‍ക്കുമ്പോഴാണ് മുതിര്‍ന്ന അഭിഭാഷകനോട് എത്ര തവണയാണ് നിങ്ങള്‍ 'മൈ ലോഡ്‌സ്' എന്നു പറയുന്നത്. നിങ്ങള്‍ ഈ വിളി നിര്‍ത്തുകയാണെങ്കില്‍ എന്റെ ശമ്പളത്തിന്റെ പകുതി നല്‍കിയേക്കാം എന്ന് ജസ്റ്റീസ് പറഞ്ഞത്. ഇതിന് പകരം നിങ്ങള്‍ക്ക് എന്തുകൊണ്ട് 'സര്‍'എന്ന് ഉപയോഗിച്ചുകൂടാ എന്നും അദ്ദേഹം ചോദിച്ചു. കോടതിയില്‍ വാദപ്രതിവാദങ്ങള്‍ക്കിടെ അഭിഭാഷകര്‍ നിരവധി തവണ 'മൈ ലോഡ്', 'യുവര്‍ ലോഡ്ഷിപ്' എന്ന് അഭിസംബോധന ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഈ അഭിസംബോധനകള്‍ കൊളോണിയല്‍ കാലത്തിന്റെ പിന്തുടര്‍ച്ചയാണെന്നും അടിമത്വത്തിന്റെ അടയാളമാണെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം. ജഡ്ജുമാരെ 'മൈ ലോഡ്', 'യുവര്‍ ലോഡ്ഷിപ്' എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് 2006ല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പാസാക്കിയ പ്രമേയത്തില്‍ അറിയിച്ചിരുന്നു.