കൊച്ചി: പ്രശസ്ത ചലച്ചിത്രതാരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫ് (63) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധിക്കപ്പെട്ട ഹനീഫ് ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. മുന്നൂറിലേറെ സിനിമകളില്‍ വേഷമിട്ടു.
എറണാംകുളം ജില്ലയിലെ മട്ടാഞ്ചേരിയിലാണ് ഹനീഫ ജനിച്ചത്. പിതാവ് ഹംസ, മാതാവ് സുബൈദ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ മിമിക്രിയിലും മോണോ ആക്ടിലും കഴിവു തെളിയിച്ചിരുന്നു. സുഹൃത്തും പ്രശസ്ത മിമിക്രി, സിനിമാ താരവുമായിരുന്ന സൈനുദ്ദീനാണ് ഹനീഫിനെ കൊച്ചിന്‍ കലാഭവനിലെത്തിച്ചത്. സിദ്ദീഖ്, ലാല്‍, ജയറാം, സൈനുദ്ദീന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ക്കൊപ്പം കലാഭവനില്‍ പ്രവര്‍ത്തിച്ചു.
അവിടെവച്ചാണ് ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും പരിപാടികളിലും അഭിനയിച്ചു. അവ ഹനീഫിനെ കുടുംബസദസ്സുകള്‍ക്ക് പ്രിയപ്പെട്ടവനാക്കി. സിനിമകളില്‍ പലതിലും ചെറിയ വേഷങ്ങളായിരുന്നെങ്കിലും അവ പ്രേക്ഷകശ്രദ്ധ നേടി.
ഈ പറക്കും തളിക, പാണ്ടിപ്പട, നല്ലവന്‍, തുറുപ്പുഗുലാന്‍, ജനപ്രിയന്‍, സോള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്തകാലത്ത്, തത്സമയം ഒരു പെണ്‍കുട്ടി, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉസ്താദ് ഹോട്ടല്‍, 2018 തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ജലധാര പമ്പ്‌സെറ്റ് ആണ് അവസാനം പുറത്തുവന്ന ചിത്രം. ഭാര്യ: വാഹിദ. മക്കള്‍: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.