കൊച്ചി: കളമശേരി ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മകന്‍ പ്രവീണ്‍ പ്രദീപാ (24) ണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്. ഇതോടെ കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ റീന ജോസ് (സാലി-45), സഹോദരി ലിബ്ന (12) എന്നിവര്‍ മരിച്ചിരുന്നു. റീന സംഭവദിവസവും ലിബ്ന കഴിഞ്ഞ ശനിയാഴ്ചയുമാണ് മരിച്ചത്. പ്രവീണും കൂടി മരിച്ചതോടെ ഒരു കുടുംബത്തില്‍ മാത്രം മൂന്നു പേരുടെ ജീവന്‍ നഷ്ടമായി. പ്രദീപന്റെ മറ്റൊരു മകന്‍ രാഹുലിനും സ്‌ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. രാഹുല്‍ അപകടനില തരണം ചെയ്തു.