കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍, എന്‍എസ്എസ് നടപ്പിലാക്കുമെന്നും അതിലെന്താണ് തര്‍ക്കമെന്നും കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് വിശ്വാസ സംരക്ഷണ ദിനം ആചരിക്കണമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കുലറിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നതാണ് കരയോഗങ്ങളും താലൂക്ക് യൂണിയനുകളും അനുസരിക്കേണ്ടത്. ജനറല്‍ സെക്രട്ടറി പറയുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ എന്‍എസ്എസ് ഇന്‍സ്‌പെക്ടര്‍മാരും സെക്രട്ടറിമാരും കരയോഗം പ്രസിഡന്റുമാരും പ്രതിജ്ഞാബദ്ധരാണ്. അവരത് ചെയ്യുമെന്നും പറഞ്ഞ ഗണേഷ് കുമാര്‍, എന്‍എസ്എസിന്റെ കാര്യങ്ങള്‍ പറയാന്‍ ജനറല്‍ സെക്രട്ടറിയുണ്ടെന്നും അദ്ദേഹം പറയുമെന്നും തന്നോട് വല്ല രാഷ്ട്രീയമോ നാട്ടുകാര്യമോ ചോദിക്കെന്നും പറഞ്ഞു.