തിരുവനന്തപുരം: തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നാരോപിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിന്റെ വീട്ടിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ ഒരു പ്രവര്‍ത്തകയുടെ മുഖത്തും മറ്റൊരു പ്രവര്‍ത്തകന്റെ തലയ്ക്കും പരിക്കേറ്റു. സംഘര്‍ഷ സ്ഥലത്ത് പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. നഗരത്തില്‍ വിവിധയിടങ്ങളില്‍ കെഎസ്യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ കേരളീയം ഫ്‌ളക്‌സുകള്‍ തകര്‍ക്കുകയും പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയുടെ വാഹനം തടയുകയും ചെയ്തു. മൂന്ന് കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കെഎസ്യു സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. അക്രമത്തെത്തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പിലെ റോഡ് ഉപരോധിച്ചു. കെഎസ്യു പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് സ്ഥലം സന്ദര്‍ശിച്ച എം. വിന്‍സന്റ് എംഎല്‍എ ആവശ്യപ്പെട്ടു.