Header ads

CLOSE

കേരളത്തിലെ മാറ്റങ്ങള്‍ക്ക് കാരണം എല്‍.ഡി.എഫ്. സര്‍ക്കാര്‍:മുഖ്യമന്ത്രി; നവകേരള സദസ് തുടങ്ങി

കേരളത്തിലെ മാറ്റങ്ങള്‍ക്ക്  കാരണം എല്‍.ഡി.എഫ്.   സര്‍ക്കാര്‍:മുഖ്യമന്ത്രി; നവകേരള സദസ് തുടങ്ങി

കാസര്‍കോട്: വന്‍ജനപങ്കാളിത്തത്തോടെ നവകേരള സദസ് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. 
കേരളത്തില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ക്ക് പിന്നില്‍ എല്‍.ഡി.എഫ്. സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2016-ന് മുമ്പ് എല്ലാ മേഖലയിലും കേരളത്തിലെ ജനങ്ങള്‍ കടുത്ത നിരാശയിലായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, യു.ഡി.എഫ്. സര്‍ക്കാര്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നോ എന്ന് ചോദിച്ചു. കേരളത്തിലെ ദേശീയപാതാവികസനം ഇനി നടക്കില്ല എന്ന് കരുതിയവരെല്ലാം ഇപ്പോള്‍ ആ വിശ്വാസത്തില്‍ അല്ല. സമയബന്ധിതമായി പൂര്‍ത്തിയാകും എന്ന ഉറച്ച വിശ്വാസത്തിലാണ്.
നവകേരള സദസ് തീര്‍ത്തും ഒരു സര്‍ക്കാര്‍ പരിപാടിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍നിന്ന് എങ്ങനെയെങ്കിലും മറച്ചുവയ്ക്കണം എന്ന് അതീവ നിക്ഷിപ്ത താത്പര്യത്തോടെ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധരായ ശക്തികള്‍ ആഗ്രഹിക്കുകയായാണ്. എന്നാല്‍ ജനങ്ങള്‍ അതിനോടൊപ്പമില്ല. ജനങ്ങള്‍ അതിന്റെ കൂടെ അണിനിരക്കാനും തയ്യാറല്ല. അതുകൊണ്ടാണ് 2021-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് 99 സീറ്റുകള്‍ നല്‍കി തുടര്‍ഭരണം കേരളത്തിലെ ജനങ്ങള്‍ സമ്മാനിച്ചത്. ആ സര്‍ക്കാരിനോട് രാഷ്ട്രീയമായ ഭിന്നത കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടാകും. ബി.ജെ.പിക്ക് വല്ലാത്തൊരു അസഹിഷ്ണുതയും ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിന് വാങ്ങിയ ബസില്‍ കയറി  ആര്‍ഭാടം പരിശോധിക്കാന്‍  മുഖ്യമന്ത്രി മാദ്ധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചു. ബസിന്റെ ആര്‍ഭാടം ഞങ്ങള്‍ പരിശോധിച്ചിട്ട് മനസിലായില്ലെന്നും അതിനാലാണ് നിങ്ങളെ ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷനായി. എത്ര വലിയ ദുരന്തങ്ങളുണ്ടായാലും ആ ദുരന്തത്തിന് ഒരു മലയാളിയെപ്പോലും വിട്ടുകൊടുക്കാതെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണ് ഏഴരവര്‍ഷവും കഴിഞ്ഞ് കേരളത്തെ മുന്നോട്ട് നയിക്കുന്നതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. 
മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍.വാസവന്‍, ജെ. ചിഞ്ചുറാണി, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, എം.ബി.രാജേഷ്, ജി.ആര്‍. അനില്‍, വി.ശിവന്‍കുട്ടി, ഡോ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാന്‍ എന്നിവരെല്ലാം ഉദ്ഘാടനച്ചടങ്ങില്‍ പങ്കാളികളായി.ബസില്‍നിന്നിറങ്ങി അഭിവാദ്യം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രമാരേയുംജനങ്ങള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വേദിയിലയ്ക്ക് ആനയിച്ചു. തുടര്‍ന്ന് എല്ലാവരേയും തലപ്പാവ് അണിയിച്ച് സ്വീകരിച്ചു. 
ജനങ്ങളില്‍നിന്നു നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണ് 'നവകേരള സദസ്'. വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നവകേരളസദസ് സമാപിക്കും.
നവകേരള സദസില്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നത് വേദിക്കു സമീപത്തെ കൗണ്ടറിലാണ്. പരാതി നേരിട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കാനാകില്ല.
ഓരോ നിയോജക മണ്ഡലം നവകേരള സദസിലും 7 കൗണ്ടര്‍ വീതം പ്രവര്‍ത്തിക്കും. റവന്യു ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ ചുമതല. മുതിര്‍ന്ന പൗരന്മാര്‍, വനിതകള്‍, പൊതുവിഭാഗം എന്നിവര്‍ക്കായി 2 വീതം കൗണ്ടറുകളും ഭിന്നശേഷി വിഭാഗത്തിന് ഒരു കൗണ്ടറുമാണുള്ളത്. പരിപാടി ആരംഭിക്കുന്നതിന് 3 മണിക്കൂര്‍ മുമ്പും പരിപാടികള്‍ കഴിഞ്ഞ ശേഷവും പരാതി സ്വീകരിക്കും. പരാതികള്‍ക്കൊപ്പം പൂര്‍ണ വിലാസവും മൊബൈല്‍ നമ്പരും ഇമെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കണം. ലഭിക്കുന്ന പരാതികള്‍ 2 ദിവസത്തിനകം അതത് വകുപ്പുകളിലേക്ക് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യും. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി 4 ആഴ്ചക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ് തല മേധാവി മുഖേന റിപ്പോര്‍ട്ട് നല്‍കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കണം. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.in വെബ്‌സൈറ്റില്‍ പരാതി രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പരോ നല്‍കിയാല്‍ പരിശോധിക്കാനാകും.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads