സ്റ്റോക്ഹോം: 2023-ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ കാറ്റലിന്‍ കരീക്കോ(ഹംഗറി), ഡ്രൂ വീസ്മാന്‍(യു എസ്) എന്നീ ശാസ്ത്രജ്ഞര്‍ക്ക്. കോവിഡ് 19 നെതിരായ mRNA വാക്സിന്‍ വികസിപ്പിക്കുന്നതിലേയ്ക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത് ഇവരുടെ കണ്ടുപിടിത്തങ്ങളാണ.് ഹംഗറിയിലെ സഗാന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് പുരസ്‌കാരത്തിന് അര്‍ഹയായ കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രൊഫസറാണ് ഡ്രൂ വീസ്മാന്‍. രണ്ട് പേരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്. mRNA എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരേയും പുരസ്‌കാരത്തിനര്‍ഹരാക്കിയത്. mRNAയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റി ഇവര്‍ നടത്തിയ പഠനമാണ് കോവിഡിനെതിരായ മരുന്ന് നിര്‍മ്മാണത്തിന് സഹായകാമായത്. ഡിസംബര്‍ 10-ന് ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സ്റ്റോക്ഹോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലും 10 ലക്ഷം ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം