Header ads

CLOSE

കോലി, ബംഗ്ലാദേശിനെ തകര്‍ത്തു; ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം വിജയം

കോലി, ബംഗ്ലാദേശിനെ തകര്‍ത്തു;  ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം വിജയം

പുണെ: ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ  ഇന്ത്യ ഏഴുവിക്കറ്റിന് തകര്‍ത്തെറിഞ്ഞു. ലോകകപ്പിലെ ഇന്ത്യുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. 78-ാം സെഞ്ച്വറിനേടി പുറത്താവാതെ നിന്ന സൂപ്പര്‍ താരം വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. കോലി തന്നെയാണ് കളിയിലെ താരവും. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 
ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ അനായാസം ബാറ്റുചെയ്തു.  അര്‍ദ്ധസെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ രോഹിത് വീണു. 40 പന്തില്‍ ഏഴ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 48 റണ്‍സെടുത്ത രോഹിത്തിനെ ഹസന്‍ മഹമൂദ് പുറത്താക്കി.
രോഹിത്തിന് പകരം വിരാട് കോലിയാണ് ക്രീസിലെത്തിയത്. കോലിയും അനായാസം ബാറ്റിംഗ് തുടങ്ങിയതോടെ ഇന്ത്യ വീണ്ടും ഡ്രൈവിംഗ് സീറ്റിലായി. കോലിയെ സാക്ഷിയാക്കി ശുഭ്മാന്‍ ഗില്‍ അര്‍ദ്ധസെഞ്ച്വറി നേടി. ലോകകപ്പിലെ താരത്തിന്റെ ആദ്യ അര്‍ദ്ധശതകമാണിത്. എന്നാല്‍ അര്‍ദ്ധസെഞ്ചുറി നേടിയതിന് പിന്നാലെ അനാവശ്യ ഷോട്ട് കളിച്ച ഗില്‍ മെഹ്ദി ഹസന്റെ പന്തില്‍ പുറത്തായി. 55 പന്തില്‍ അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 53 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.
പിന്നാലെ ക്രീസിലൊന്നിച്ച കോലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ കോലി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. താരത്തിന്റെ 69-ാം ഏകദിന അര്‍ദ്ധസെഞ്ച്വറിയാണിത്. ഈ ലോകകപ്പിലെ താരത്തിന്റെ മൂന്നാം അര്‍ദ്ധശതകം കൂടിയാണിത്. എന്നാല്‍ മറുവശത്ത് ശ്രേയസ് നിരാശപ്പെടുത്തി. 19 റണ്‍സെടുത്ത താരം അനാവശ്യ ഷോട്ട് കളിച്ച് മെഹ്ദി ഹസന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ശ്രേയസിന് പകരം വന്ന രാഹുല്‍ മികച്ച രീതിയില്‍ ബാറ്റുവീശാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷ പരന്നു.
രാഹുലും കോലിയും തകര്‍ത്തടിക്കാന്‍ തുടങ്ങി. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോലി്ക്ക് അത് സ്വന്തമാക്കാനുള്ള അവസരം രാഹുല്‍ ഒരുക്കി. നസും അഹമ്മദിന്റെ മൂന്നാം പന്തില്‍ തകര്‍പ്പന്‍ സിക്സടിച്ച് വിരാട് കോലി സെഞ്ച്വറി നേടി.ഒപ്പം ഇന്ത്യ ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കി. വിരാട് കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ 78-ാം സെഞ്ച്വറിയും ഏകദിനത്തിലെ 48-ാം സെഞ്ച്വറിയുമാണിത്. കോലി 97 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 103 റണ്‍സെടുത്തും രാഹുല്‍ 34 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ്‌ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസിന്റെയും തന്‍സിദ് ഹസന്റെയും അര്‍ദ്ധസെഞ്ച്വറികളും അവസാന ഓവറുകളിലെ മഹ്മുദുള്ളയുടെ ചെറുത്തുനില്‍പ്പുമാണ് ബംഗ്ലാദേശിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ബംഗ്ലാദേശിനായില്ല.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിട്ടണ്‍ ദാസും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ നേരിട്ട ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തി. ബാറ്റിംഗ് പവര്‍പ്ലേയില്‍ ആധിപത്യം പുലര്‍ത്താനും ബംഗ്ലാദേശിന് സാധിച്ചു. ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തി. മത്സരത്തിന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്.ഹാര്‍ദിക് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്‍ ഒരു സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. ഈ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടന്‍ ടീം ഫിസിയോ എത്തി താരത്തെ പരിശോധിച്ചു. പിന്നീട് ബൗള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും താരത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മൈതാനം വിട്ടു. വിരാട് കോലിയാണ് ഓവറിലെ ശേഷിച്ച പന്തുകള്‍ ബൗള്‍ ചെയ്തത്.

india vs bangladesh icc cricket world cup

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads