Header ads

CLOSE

ആദ്യ ഏകദിനം: ഇന്ത്യ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്തു

ആദ്യ ഏകദിനം: ഇന്ത്യ  ഓസ്ട്രേലിയയെ  അഞ്ച് വിക്കറ്റിന് തകര്‍ത്തു

മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഗംഭീരവിജയം. അഞ്ച്‌വിക്കറ്റിന് ഇന്ത്യ ഓസീസിനെ തകര്‍ത്തു. ഓസ്ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറില്‍ അഞ്ച്‌വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 74 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ്സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
277 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 142 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും അര്‍ദ്ധസെഞ്ച്വറി നേടി. എന്നാല്‍ 77 പന്തില്‍ 71 റണ്‍സെടുത്ത ഋതുരാജിനെ സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ അനാവശ്യ റണ്ണിന് ശ്രമിച്ച് മൂന്ന് റണ്‍സുമായി പുറത്തായി. 
ടീം സ്‌കോര്‍ 150 കടന്നതിന് പിന്നാലെ ഗില്ലും പുറത്തായി. ഇതോടെ ഇന്ത്യ പതറി. 63 പന്തില്‍ 74 റണ്‍സെടുത്ത ഗില്ലിനെ ആദം സാംപ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ പതറി. പിന്നാലെ വന്ന ഇഷാന്‍ കിഷനും പരാജയപ്പെട്ടു. 18 റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. ഇതോടെ ഇന്ത്യ 185 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. സൂക്ഷിച്ചുകളിച്ച ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 250 കടത്തി. പിന്നാല സൂര്യകുമാര്‍ അര്‍ദ്ധസെഞ്ച്വറി നേടി. 47 പന്തുകളില്‍ നിന്നാണ് താരം അര്‍ദ്ധശതകത്തിലെത്തിയത്. എന്നാല്‍ അര്‍ദ്ധശതകത്തിന് പിന്നാലെ താരം അനാവശ്യഷോട്ട് കളിച്ച് പുറത്തായി. സീന്‍ അബോട്ടാണ് 50 റണ്‍സെടുത്ത സൂര്യകുമാറിനെ പുറത്താക്കിയത്. പിന്നാലെ വന്ന ജഡേജയെ സാക്ഷിയാക്കി രാഹുല്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ സിക്സടിച്ച് താരം ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുല്‍ 63 പന്തില്‍ 58 റണ്‍സെടുത്തും ജഡേജ മൂന്ന് റണ്‍സ് നേടിയും പുറത്താകാതെ നിന്നു. ഓസീസിനായി ആദം സാംപ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സീന്‍ അബോട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 276 റണ്‍സിന് ഓള്‍ ഔട്ടായി. മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരാണ് ഓസീസിനെ തകര്‍ത്തത്. ഇന്ത്യയ്ക്ക് വേണ്ടി പേസ് ബൗളര്‍ മുഹമ്മദ് ഷമി അഞ്ചുവിക്കറ്റ് വീഴ്ത്തി. അര്‍ദ്ധസെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറാണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ഷമി 10 ഓവറില്‍ 51 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads