ഓസ്‌ലോ: ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗെസ് മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം. ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നര്‍ഗെസ് മുഹമ്മദി, ജയിലില്‍ വച്ചാണ് പുരസ്‌കാര വാര്‍ത്ത അറിഞ്ഞത്.
മാദ്ധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ നര്‍ഗെസ്, മനുഷ്യാവകാശങ്ങള്‍ക്കായി ഇറാന്‍ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ 13 തവണ അറസ്റ്റിലായി. വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ പോലുമില്ലാതെ 31 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നര്‍ഗെസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.
'ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നര്‍ഗെസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്‌കാര'മെന്ന്, നൊബേല്‍ പുരസ്‌കാര കമ്മിറ്റി ഓസ്ലോയില്‍ അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂര്‍ണമായും മറച്ച് സ്ത്രീകള്‍ പൊതുവിടങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ക്കും എതിരെയാണ് നര്‍ഗെസിന്റെ പോരാട്ടമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഈ വര്‍ഷം നേടിയ മൂന്നു പേരില്‍ നര്‍ഗെസുമുണ്ടായിരുന്നു. 1986ല്‍ കൊല്ലപ്പെട്ട കൊളംബിയന്‍ പത്രപ്രവര്‍ത്തകന്‍ ഗില്ലര്‍മോ കാനോയുടെ സ്മരണാര്‍ത്ഥം ലോക മാദ്ധ്യമസ്വാതന്ത്ര്യദിനമായ മേയ് 3ന് യുഎന്‍ നല്‍കുന്ന പുരസ്‌കാരമാണ്, ഈ വര്‍ഷം നര്‍ഗെസ് ഉള്‍പ്പെടെ ഇറാനില്‍ തടവിലാക്കപ്പെട്ട 3 വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ പങ്കുവച്ചത്. നിലോഫര്‍ ഹമദി, ഇലാഹി മുഹമ്മദി എന്നിവരാണ് നര്‍ഗെസിനൊപ്പം പുരസ്‌കാരം നേടിയത്.