കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിയെടുത്ത കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. പ്രതികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയ കൊല്ലം ചിറക്കര സ്വദേശിയെയാണ് വ്യാഴാഴ്ച വൈകിട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. ആവശ്യമെങ്കില്‍ ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് മൂന്ന് രേഖാചിത്രങ്ങള്‍ കൂടി പൊലീസ് പുറത്തുവിട്ടു. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇതില്‍ ഒരാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവറെന്ന് സംശയിക്കുന്നയാളാണ്. രണ്ടാമത്തെ ആള്‍ കുട്ടിയെ പരിചരിച്ച സ്ത്രീയാണ്. മൂന്നാമത്തെ ആള്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട യുവതിയാണ്. ഇവരുടെ ചിത്രം തലയില്‍ വെള്ള ഷാളിട്ട നിലയിലാണ്. നേരത്തെ ഇതേ വിഷയത്തില്‍ രണ്ട് രേഖാചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.
കുട്ടിയുടെ കൂടുതല്‍ മൊഴികളും പുറത്തുവന്നിട്ടുണ്ട്. ഓടിട്ട ആളൊഴിഞ്ഞ വീട്ടിലായിരുന്നു തട്ടിക്കൊണ്ട് പോയ ദിവസം താമസിച്ചിരുന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ആളുകള്‍ കൂടുന്ന സ്ഥലത്ത് തല താഴ്ത്തിപ്പിടിച്ചിരുന്നു. ഭക്ഷണം വാങ്ങി നല്‍കിയിരുന്നു. കാര്‍ട്ടൂണ്‍ കാണിച്ച് തന്നു. പിറ്റേന്ന് രാവിലെ കാറിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചത്. ശേഷം, പപ്പയിപ്പോള്‍ വിളിക്കാന്‍ വരുമെന്ന് പറഞ്ഞ് യുവതി സ്ഥലംവിടുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.
നഴ്സിംഗ് മേഖലയിലെ വിദേശ റിക്രൂട്ട്മെന്റ് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കോടികളുടെ സാമ്പത്തിക ഇടപാടിലെ തര്‍ക്കമെന്നും സംശയമുണ്ട്. നഴ്സിംഗ് സംഘടനയുമായി ബന്ധപ്പെട്ടവരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് നഴ്സിംഗ് സംഘടനയുടെ പത്തനംതിട്ട ജില്ലാ ഭാരവാഹിയാണ്.