കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം ഇന്ന് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.പ്രതികളെ കണ്ടെത്താന്‍ 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതല്‍ ചോദിക്കുന്നത് അവസാനിപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ മയക്കാന്‍ മരുന്ന് നല്‍കിയെന്നും സംശയമുണ്ട്. ഇതറിയാന്‍ കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. അതേസമയം അബിഗേലുമായി സംഘം പോയത് വര്‍ക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണച്ചുമതല. അബിഗേല്‍ സാറാ റെജി ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കുഞ്ഞ് ആഘാതത്തില്‍ നിന്ന് പൂര്‍ണമായും മാറാന്‍ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍ ഒപ്പമുണ്ട്. കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും.