തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്.എസ്.എസിന്റെയും തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ബോര്‍ഡിനെതിരെ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്രഭൂമിയില്‍ ഉപദേശകസമിതികള്‍ ഉള്‍പ്പെടെ പ്രതിഷേധയോഗം നടത്തുന്നതും നിരോധിച്ചു. ഇത് ലംഘിച്ചാല്‍ നിയമനടപടികളുണ്ടാകും.
ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങള്‍, ഫ്ളക്സുകള്‍, കൊടിതോരണങ്ങള്‍, രാഷ്ട്രീയ, സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കണം. ആര്.എസ്.എസ്.പോലുള്ള സംഘടനകളുടെ മാസ്ഡ്രില്‍, ശാഖകള്‍, കൂട്ടായ്മകള്‍, ആയോധനപരിശീലനം എന്നിവ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ദേവസ്വം വിജിലന്‍സ് രാത്രിയിലും മിന്നല്‍പ്പരിശോധന നടത്തും.
ആര്.എസ്.എസ്. പ്രവര്‍ത്തനം നേരത്തെ നിരോധിച്ചതാണെങ്കിലും ലംഘനം തുടരുന്നതുകാരണമാണ് വീണ്ടും വിലക്കേര്‍പ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതായും ബോര്‍ഡ് കണ്ടെത്തി.
ഉപദേശകസമിതികള്‍ അച്ചടിക്കുന്ന നോട്ടീസുകള്‍, ലഘുലേഖകള്‍ എന്നിവയുടെ കരട് ദേവസ്വം അസി. കമ്മിഷണര്‍ അംഗീകരിച്ചശേഷമേ അച്ചടിച്ച് വിതരണം ചെയ്യാവൂ. തീവ്രാശയമുള്ള സംഘടനകള്‍ ക്ഷേത്രഭൂമിയില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മേല്‍ശാന്തിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദേവസ്വം ഉദ്യോഗസ്ഥരെ അറിയിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. ഉപദേശകസമിതികളല്ലാതെ മറ്റ് സംഘടനകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കാനാവില്ല.
രാഷ്ട്രീയ, സാമുദായിക സംഘടനകളുടേതിന് സമാനമായ ഏകവര്‍ണത്തിലുള്ള കൊടിതോരണങ്ങള്‍ ഉത്സവങ്ങള്‍ക്ക് ക്ഷേത്രത്തിലോ പരിസരത്തോ സമീപത്തെ പൊതുസ്ഥലത്തോ കെട്ടുന്നതിനും വിലക്കുണ്ട്.