കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് നാല് പേര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണു രോഗബാധ. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനാഫലം കിട്ടിയതോടെയാണ് സ്ഥിരീകരണം.
ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുള്ള മകനും 24 വയസ്സുള്ള ഭാര്യസഹോദരനുമാണ് നിപ്പ സ്ഥിരീകരിച്ചത്. നാലു വയസ്സുള്ള മകള്‍ നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ പത്തു മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്. തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ആദ്യം മരിച്ച വ്യക്തിയുമായി ആശുപത്രിയില്‍ നിന്നാണ് സമ്പര്‍ക്കമുണ്ടായത്. 7 പേരാണ് ആകെ ചികിത്സയിലുള്ളത്. രോഗ ഉറവിട കേന്ദ്രങ്ങളായ രണ്ടിടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.
ആദ്യത്തെ കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേരാണ്. അതില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ബാക്കി 31 പേര്‍ വീട്ടിലും പരിസരത്തും ഉള്ളവരാണ്. രണ്ടാമത്തെ കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലേറെ പേരാണുള്ളത്. എന്നാല്‍, അതില്‍ 10 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും. ആരൊക്കെയായിട്ടാണ് അടുത്തിടപഴകിയിട്ടുള്ളത് എന്നു കണ്ടെത്താന്‍ ഇവര്‍ പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും.
വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച് സര്‍വേ നടത്തും. 3 കേന്ദ്ര സംഘങ്ങള്‍ ഇന്ന് (ബുധന്‍) എത്തും.