കൊച്ചി: കളമശേരി ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ നാലായി. കളമശേരി ഗണപതിപ്ലാക്കല്‍ മോളി ജോയ്(61) ആണ് മരിച്ചത്. മോളി എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
ലിയോണ പൗലോസ് (55), കുമാരി (53), ലിബിന (12) എന്നിവരാണ് നേരത്തെ മരിച്ചത്. ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ഹാളിലാണ് സ്‌ഫോടനമുണ്ടായത്.
വെള്ളിയാഴ്ച വൈകിട്ട് മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു.
സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം.