തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടമായി റേഷന്‍ വിതരണം നടത്തുമെന്ന തീരുമാനം റദ്ദാക്കി. വിവാദത്തിനും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചതോടെയാണ് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്ക് ഓരോ മാസവും ഒന്നു മുതല്‍ 15 വരെ തീയതികളിലും നീല, വെള്ള, ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് 15 മുതല്‍ മാസാവസാനം വരെയും രണ്ടു ഘട്ടമായി റേഷന്‍ വിതരണം നടത്താനുള്ള ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കിയത്. ഏപ്രിലില്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പോസ്) സംവിധാനത്തില്‍ വേഗക്കുറവ് അനുഭവപ്പെട്ടതിനെ ത്തുടര്‍ന്ന് റേഷന്‍ വിതരണം രണ്ടു ഘട്ടമാക്കാന്‍ ആലോചിച്ചിരുന്നുവെന്നും ഇപ്പോള്‍ വിതരണം സുഗമമാണെന്നതിനാല്‍ ക്രമീകരണം ആവശ്യമില്ലെന്ന് കണ്ടു റദ്ദാക്കുന്നുവെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.
മന്ത്രി അറിയാതെയാണ് ഉത്തരവ് ഇറങ്ങിയതെന്നാണ് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചതെങ്കിലും മൂന്നു തവണ ഇതു സംബന്ധിച്ച് വകുപ്പിനും മന്ത്രിക്കും ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ കത്തെഴുതിയതായി രേഖകളുണ്ട്. മാര്‍ച്ച് 17നും മേയ് 11നുമാണ് ആദ്യ കത്തുകള്‍. ഈ മാസം 9നു കമ്മീഷണര്‍ മൂന്നാമതും കത്തെഴുതി. തുടര്‍ന്ന് ഉത്തരവിറങ്ങി. വിവാദ ഉത്തരവ് വാര്‍ത്തയാവുകയും റേഷന്‍ വ്യാപാരി സംഘടനകള്‍ എതിര്‍ക്കുകയും ചെയ്തതോടെ അധികൃതര്‍ പിന്മാറി. ഉത്തരവു നടപ്പാക്കിയിരുന്നെങ്കില്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു മാസം റേഷന്‍ വാങ്ങാനുള്ള ദിവസങ്ങള്‍ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ 13 ആയി ചുരുങ്ങുമായിരുന്നു. ഇങ്ങനെ പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം അധികാരമില്ല.