കണ്ണൂര്‍: മദ്യലഹരിയില്‍ വഴിയില്‍ക്കിടന്ന പെരുമ്പാമ്പിനെയെടുത്ത് തോളിലിട്ട് ഫോട്ടോയെടുപ്പിക്കാന്‍ ശ്രമിച്ചയാളിന്റെ കഴുത്തില്‍ പാമ്പ് ചുറ്റി. പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കിയതോടെ ശ്വാസംമുട്ടി കണ്ണുകള്‍ ഉന്തി മരണവെപ്രാളം കാട്ടിനിലത്തുവീണയാളെ സമീപത്തെ പെട്രോള്‍പമ്പ് ജീവനക്കാരന്‍ അഭിഷേക് രക്ഷിച്ചു. ഇന്നലെ രാത്രി 10.30-ഓടെ വളപട്ടണം ദേശീയപാതയോരത്ത് പഴയ ടോള്‍പിരിവ് കേന്ദ്രത്തിനടുത്തായിരുന്നു സംഭവം.
പരിസരവാസിയായ ചന്ദ്രന്‍ എന്നയാളാണ് പെരുമ്പാമ്പുമായെത്തി ചിത്രമെടുക്കണമെന്ന് പെട്രോള്‍ പമ്പ് ജീവനക്കാരനായ അഭിഷേകിനോട് ആവശ്യപ്പെട്ടത്.
ചിത്രമെടുക്കേണ്ട പാമ്പിനെ ചാക്കിനകത്താക്കി കൊണ്ടു പോകുകയാണ് വേണ്ടതെന്ന് അഭിഷേക് പറഞ്ഞെു. എന്നാല്‍ ചന്ദ്രന്‍ വഴങ്ങിയില്ല. ഇതിനിടെ പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞുമുറുക്കി. ഇതോടെ ആള്‍ ശ്വാസംമുട്ടി മലര്‍ന്നടിച്ചു നിലത്ത് വീണു. ഓടിയെത്തിയ അഭിഷേക് പാമ്പിന്റെ വാലില്‍പ്പിടിച്ച് തിരിച്ചു ഒപ്പം ചാക്ക് കാട്ടുകയും ചെയ്തു. ഇതോടെ പിടി അയച്ച് പാമ്പ് ചന്ദ്രെ ഉപേക്ഷിച്ച് റോഡിലൂടെ ഇഴഞ്ഞ് പോയി. റോഡില്‍ അവശനായിക്കിടന്നയാളെ അഭിഷേകും പമ്പിലെ മറ്റ് ജീവനക്കാരും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് പറഞ്ഞയച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പാറക്കല്‍ സ്വദേശിയാണ് ഇരുപതുകാരനായ കുറ്റേരി അഭിഷേക്.അഭിഷേകിന്റെ അവസരോചിതമായ ഇടപെടലാണ് ചന്ദ്രന്റെ ജീവന്‍ രക്ഷിച്ചത്.