ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്തും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് തീയതി പ്രഖ്യാപിച്ചത്. നാല് മത്സരങ്ങള്‍ പാകിസ്ഥാനിലും ഒമ്പത് മത്സരങ്ങള്‍ശ്രീലങ്കയിലുമായിരിക്കും. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. പാകിസ്ഥാനില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് അനുരഞ്ജനമെന്ന നിലയില്‍ ഹൈബ്രിഡ് മോഡലില്‍ ഏഷ്യാ കപ്പ് നടത്താന്‍ തീരുമാനിച്ചത്. ഏഷ്യാ കപ്പ് ആതിഥേയത്വം വഹിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഇവര്‍ രണ്ടു ഗ്രൂപ്പുകളിലായി ആദ്യ ഘട്ടം മത്സരിക്കും. തുടര്‍ന്ന് സൂപ്പര്‍ ഫോറും ഫൈനലുമടക്കം 13 മത്സരങ്ങളടങ്ങിയതാണ് ടൂര്‍ണ്ണമെന്റ്.
ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവരടങ്ങിയതാണ് ഒരു ഗ്രൂപ്പ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് രണ്ടാം ഗ്രൂപ്പില്‍. പാകിസ്ഥാനിലെ മത്സരങ്ങള്‍ ലാഹോറിലും ശ്രീലങ്കയിലെ മത്സരങ്ങള്‍ കാന്‍ഡി, പല്ലേകലെ സ്റ്റേഡിയങ്ങളിലുമാണ്.