സ്റ്റോക്ക്‌ഹോം: രസതന്ത്ര നൊബേല്‍ സമ്മാനം മൗംഗി ജി. ബാവെന്‍ഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്‌സിറ്റി, യുഎസ്എ), അലക്‌സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവര്‍ക്ക്. നാനോടെക്‌നോളിയിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
അലക്‌സി എക്കിമോവാണ് 1981ല്‍ ആദ്യമായി ക്വാണ്ടം ഡോട്ട്‌സ് എന്ന ആശയം ശാസ്ത്രലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടര്‍ പാര്‍ട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്‌സ്. കാഡ്മിയം സെലെനൈഡ്, ലെഡ് സള്‍ഫൈഡ് തുടങ്ങിയവ കൊണ്ടാണ് ഇവ നിര്‍മ്മിക്കുക പതിവ്. വലിപ്പമനുസരിച്ച് വിവിധ നിറങ്ങളില്‍ പ്രകാശം പുറത്തുവിടാനുള്ള കഴിവും ഇവയ്ക്കുണ്ട്. ട്യൂണബ്ള്‍ എമിഷന്‍ എന്ന ഈ കഴിവ് ഇലക്ട്രോണിക് ഉപകരണങ്ങളിലും ശസ്ത്രക്രിയാ ഉപകരണങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. ക്വാണ്ടം ഡോട്ടുകള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള എല്‍ഇഡി ലൈറ്റുകള്‍ക്ക് ഉയര്‍ന്ന അളവില്‍ പ്രകാശം ഉല്‍പാദിപ്പിക്കാനാകും. വൈദ്യുതി കുറച്ച് കൂടുതല്‍ പ്രകാശിക്കാനും സാധിക്കും. സോളര്‍ സെല്ലുകളിലും ഇതു ഫലപ്രദമായി ഉപയോഗിക്കാനാകും. കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മ വിവരങ്ങള്‍ വരെയെടുത്ത് പ്രദര്‍ശിപ്പിക്കാനും കാന്‍സര്‍ ചികിത്സയിലുമെല്ലാം ഇവയുടെ ഉപയോഗമുണ്ട്. അതിവേഗതയാര്‍ന്ന ക്വാണ്ടം കംപ്യൂട്ടിംഗിലും ഇന്ന് നിര്‍ണായക ഘടകമാണിത്.
നാളെ സാഹിത്യ നൊബേല്‍ പ്രഖ്യാപിക്കും. സമാധാന നൊബേല്‍ വെള്ളിയാഴ്ചയും. തിങ്കളാഴ്ചയാണ് സാമ്പത്തിക നൊബേല്‍ പ്രഖ്യാപിക്കുന്നത്.