Header ads

CLOSE

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്: മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്: മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

സജില്‍, എം.കെ.നാസര്‍, കെ.എ.നജീബ്, എം.കെ.നൗഷാദ്, പി.പി.മൊയ്തീന്‍ കുഞ്ഞ്, പി.എം.അയൂബ്

കൊച്ചി: ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അദ്ധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി എം.കെ.നാസര്‍, അഞ്ചാം പ്രതി കെ.എ.നജീബ് എന്നിവര്‍ക്കാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതി് ശിക്ഷ വിധിച്ചത്.
നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും വിധിച്ചു. (ശിക്ഷാകാലാവധി ജയിലില്‍ കഴിഞ്ഞതിനാല്‍ ഇവര്‍ ഉടന്‍ മോചിതരാകും). 
യുഎപിഎ നിയമം, സ്‌ഫോടക വസ്തു കൈവശം വയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ. പ്രതികള്‍ നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ ടി.ജെ. ജോസഫിന് നല്‍കണം. 42 പേര്‍ കേസില്‍ ഇതുവരെ വിചാരണ നേരിട്ടു.  ഇനി വിചാരണ ചെയ്യാനുള്ളത് ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി സവാദിനെ മാത്രം. 
മുവാറ്റുപുഴ രണ്ടാര്‍ക്കര സജില്‍ (36), ആലുവ കുഞ്ഞുണ്ണിക്കര എം.കെ.നാസര്‍ (48), കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കെ.എ.നജീബ് (42), ആലുവ കടുങ്ങല്ലൂര്‍ എം.കെ.നൗഷാദ് (48), ആലുവ കുഞ്ഞുണ്ണിക്കര പി.പി.മൊയ്തീന്‍ കുഞ്ഞ് (60), തായിക്കാട്ടുകര പി.എം.അയൂബ് (48) എന്നിവര്‍ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. രണ്ടാം ഘട്ട വിചാരണ നേരിട്ട 11 പ്രതികളില്‍ 5 പേരെ വിട്ടയച്ചു.  
കേസില്‍ ആദ്യം അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ 2015 മേയില്‍ പൂര്‍ത്തിയാക്കി 13 പ്രതികളെ ശിക്ഷിച്ചിരുന്നു. അതിനു ശേഷം അറസ്റ്റിലാവുകയും കീഴടങ്ങുകയും ചെയ്ത 11 പ്രതികളുടെ വിചാരണയാണ് ഇന്നലെ പൂര്‍ത്തിയായത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ (പിഎഫ്‌ഐ) പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയത്.പിഎഫ്‌ഐയെ നിരോധിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനത്തില്‍ സംഘടന നടത്തിയ ഭീകരസ്വഭാവമുള്ള കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ അധ്യാപകന്റെ കൈവെട്ടിയ കേസും എടുത്തു പറഞ്ഞിരുന്നു.
കൊലപാതകശ്രമം, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനം, ഗൂഢാലോചന, ഭീകരസംഘടനയില്‍ അംഗമാകല്‍, ആയുധനിയമം എന്നിവയാണു സജില്‍, നാസര്‍, നജീബ് എന്നിവര്‍ക്കെതിരെയുള്ള പ്രധാന കുറ്റങ്ങള്‍. ടി.ജെ.ജോസഫിനെ ആക്രമിച്ച സംഘത്തിലെ അംഗമായിരുന്നു സജില്‍. ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും എം.കെ.നാസറായിരുന്നു അവരെ നിയന്ത്രിച്ച സൂത്രധാരന്‍. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും വിവരം നല്‍കിയില്ല, പ്രതികളെ സംരക്ഷിക്കല്‍, ഗൂഢാലോചന എന്നിവയാണ് നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്കെതിരെ കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍. നാലാം പ്രതി ഓടക്കാലി ഷഫീഖ് (31), ആറാം പ്രതി കുറുപ്പംപടി അശമന്നൂര്‍ അസീസ് ഓടക്കാലി (36), ഏഴാം പ്രതി തോട്ടക്കാട്ടുകര മുഹമ്മദ് റാഫി (40), എട്ടാം പ്രതി വെസ്റ്റ് വെളിയത്തുനാട് ടി.പി.സുബൈര്‍ (സുബു40), 10ാം പ്രതി ചൂര്‍ണിക്കര മന്‍സൂര്‍ (52) എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. പ്രോസിക്യൂഷനു വേണ്ടി ആദ്യം പി.ജി.മനുവും പിന്നീട് സിന്ധു രവിശങ്കറും ഹാജരായി. 2010 ജൂലായ് നാലിനായിരുന്നു കൈവെട്ടിയത്. കൈപ്പത്തി വെട്ടിയെടുത്ത ഒന്നാം പ്രതി അശമന്നൂര്‍ സ്വദേശി സവാദ് (33) അന്നു മുതല്‍ ഒളിവിലാണ്.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads