ചെന്നൈ: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലൊന്നായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡര്‍ വിജയകരമായി വേര്‍പിരിഞ്ഞു. 33 ദിവസത്തിന് ശേഷമാണു പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ വിട്ട് ലാന്‍ഡര്‍ തനിയെ ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയത്. ഇതോടെ ചന്ദ്രനില്‍ ഇറങ്ങാനുള്ള തയാറെടുപ്പുകളും ലാന്‍ഡര്‍ ആരംഭിച്ചു. ത്രസ്റ്റര്‍ എന്‍ജിന്‍ ഉപയോഗിച്ചു വേഗം കുറച്ചു താഴേക്കിറങ്ങാനുള്ള ആദ്യ പടി (ഡീബൂസ്റ്റിംഗ്) നാളെ 4 മണിക്കു നടക്കുമെന്ന് ഇസ്‌റോ അറിയിച്ചു. ചന്ദ്രോപരിതലത്തിനു 800 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോള്‍ 2 ത്രസ്റ്റര്‍ എന്‍ജിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തില്‍ അല്‍പനേരം നിശ്ചലമായി നില്‍ക്കും. വേഗം കുറച്ച ശേഷം പിന്നീട് സെക്കന്‍ഡില്‍ 12 മീറ്റര്‍ വേഗത്തിലാകും താഴെയിറങ്ങുന്നത്. കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ ഇത്തവണ ലാന്‍ഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കാന്‍ സഹായിക്കും. 23ന് വൈകിട്ട് 5.47ന് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുമെന്നാണ് ഇസ്‌റോയുടെ കണക്കുകൂട്ടല്‍. തുടര്‍ന്ന് ലാന്‍ഡറില്‍ നിന്ന് റാംപ് തുറന്ന് റോവര്‍ പുറത്തിറങ്ങും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാന്‍ റോവറിന് കഴിയും. ബംഗളുരുവിലെ ഇസ്‌റോ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് (ഇസ്ട്രാക്) ആണ് പേടകത്തെ നിയന്ത്രിക്കുന്നത്.