Header ads

CLOSE

ഓണം വാരാഘോഷം നാളെ മുതല്‍: ഉദ്ഘാടനം കനകക്കുന്നില്‍; ഡോ. മല്ലിക സാരാഭായിയും ഫഹദ് ഫാസിലും മുഖ്യാതിഥികള്‍

ഓണം വാരാഘോഷം നാളെ മുതല്‍: ഉദ്ഘാടനം കനകക്കുന്നില്‍;  ഡോ. മല്ലിക സാരാഭായിയും  ഫഹദ് ഫാസിലും മുഖ്യാതിഥികള്‍

തിരുവനന്തപുരം:'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയവുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം നാളെ (ആഗസ്റ്റ് 27) തുടങ്ങി സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കും. 31 വേദികളിലായാണ് ഇക്കുറി തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക.
സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. 
മന്ത്രി പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, തുടങ്ങിയവര്‍ പങ്കെടുക്കും. നര്‍ത്തകി ഡോ. മല്ലിക സാരാഭായ്, നടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാംസ്ഥാനക്കാരായ പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഞ്ചവാദ്യം, കേരള കലാമണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീതശില്പം എന്നിവയുണ്ടാകും. ഉദ്ഘാടന ച്ചടങ്ങിനു ശേഷം പിന്നണിഗായകരായ ബിജു നാരായണനും റിമി ടോമിയും നയിക്കുന്ന കൈരളി ടിവി ചിങ്ങനിലാവ് മെഗാ ഷോ.
കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, തൈക്കാട് പൊലീസ് ഗ്രൗണ്ട്, പൂജപ്പുര മൈതാനം, ശംഖുംമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, അയ്യങ്കാളി ഹാള്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 31 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക.ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ച് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

ഡോ. മല്ലികാ സാരാഭായിയുടെ നൃത്തം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും പ്രകാശ് ഉള്ളിയേരിയും ചേര്‍ന്നുള്ള ഫ്യൂഷന്‍, ഷഹബാസ് അമന്റെ ഗസല്‍ സന്ധ്യ, ടിനി ടോമും പ്രജോദ് കലാഭവനും നയിക്കുന്ന മെഗാ ഷോ, ഹരിശങ്കറിന്റെ ബാന്‍ഡ് തുടങ്ങിയവയ്ക്ക് നിശാഗന്ധി വേദിയാകും. നരേഷ് അയ്യര്‍, മസാല കോഫി, സിതാര, സൂരജ് സന്തോഷ് ആന്‍ഡ് ലക്ഷ്മി ജയന്‍, ഗൗരി ലക്ഷ്മി, ജോബ് കുര്യന്‍ എന്നിവരുടെ മ്യൂസിക്ക് ബാന്‍ഡ് പ്രകടനങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ജാസി ഗിഫ്റ്റ് ബാന്‍ഡ് തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ ആസ്വാദകര്‍ക്കു മുന്നിലെത്തും. പിന്നണിഗായകരായ ഉണ്ണിമേനോന്‍, അഫ്‌സല്‍, സുധീപ് കുമാര്‍, അപര്‍ണ രാജീവ്, നിത്യ മാമ്മന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള പൂജപ്പുര മൈതാനത്ത് നടക്കും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഗായത്രി, രഞ്ജിനി ജോസ്, നജീം അര്‍ഷാദ്, പന്തളം ബാലന്‍, നിഷാദ്, പുഷ്പവതി എന്നിവരുടെ ഗാനമേള നടക്കും. പബ്ലിക്ക് ഓഫീസ് കോമ്പൗണ്ടും ഗാനമേളയ്ക്ക് വേദിയാകും.
പ്രൊഫഷണല്‍ നാടകങ്ങള്‍ അയ്യങ്കാളി ഹാളിലും അമച്വര്‍ നാടകങ്ങള്‍ മ്യൂസിയം കോമ്പൗണ്ടിലും നടക്കും. കളരിപ്പയറ്റ് പ്രകടനത്തിനും മ്യൂസിയം വേദിയാകും. പ്രധാന നൃത്തയിനങ്ങള്‍ വൈലോപ്പിള്ളിയിലും ഭാരത് ഭവനിലും കഥാപ്രസംഗം ഗാന്ധിപാര്‍ക്കിലും അരങ്ങേറും. തിരുവരങ്ങും സോപാനവും നാടന്‍ കലാരൂപങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. കനകക്കുന്ന് ഗേറ്റ് വാദ്യമേളങ്ങള്‍ക്കും കനകക്കുന്ന് അകത്തളം കഥകളി, കൂത്ത്, കൂടിയാട്ടം, അക്ഷരശ്ലോകം എന്നിവയ്ക്കും വേദിയാകും. സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികള്‍ ശംഖുമുഖത്ത് നടക്കും.
വേളി ടൂറിസ്റ്റ് വില്ലേജ്, വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ്, പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാല, ശ്രീവരാഹം, ആക്കുളം, മുടവൂര്‍പാറ ബോട്ട് ക്ലബ് അങ്കണം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, വെള്ളായണി, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ഗ്രൗണ്ട്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലും വിവിധ കലാപരിപാടികള്‍ അരങ്ങേറും. വ്യാപാര, ഭക്ഷ്യ മേളകളും ഓണാഘോഷത്തിന്റെ ഭാഗമാകും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads