കോട്ടയം:പൊലീസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ നിരോധിത തീവ്രവാദ സംഘടനാ നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്തെ എസ്.ഐ.യെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സൈബര്‍സെല്‍ വിഭാഗം ഗ്രേഡ് എസ്.ഐ. പി.എസ്. റിജുമോനെയാണ് എറണാകുളം റേഞ്ച് ഡി. ഐ.ജി. സസ്‌പെന്‍ഡ് ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. സംസ്ഥാനത്തിനുപുറത്ത് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയ തീവ്രവാദ പ്രവര്‍ത്തകരില്‍നിന്നാണ് സസ്‌പെന്‍ഷനിലായ എസ്.ഐ.യുടെ ബന്ധങ്ങളെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. ഇതുസംബന്ധിച്ച് എന്‍.ഐ.എ.യും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. സൈബര്‍ സെല്ലിലെത്തുന്നതിന് മുമ്പ് ജില്ലാ പൊലീസ് ആസ്ഥാന വളപ്പിലെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് റിജുമോന്‍ ജോലി ചെയ്തിരുന്നത്.