Header ads

CLOSE

ഹമാസ്-ഇസ്രയേല്‍ പോര്: മരിച്ചവരുടെ എണ്ണം 600 കടന്നു; 2500 പേര്‍ക്ക് പരിക്ക്, ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി

ഹമാസ്-ഇസ്രയേല്‍ പോര്:  മരിച്ചവരുടെ എണ്ണം 600 കടന്നു;  2500 പേര്‍ക്ക് പരിക്ക്,   ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി

ജറുസലേം: ഹമാസ് ഇന്നലെ രാവിലെ ഇസ്രയേലില്‍ നടത്തിയ മിന്നലാക്രമണത്തിലും ഇസ്രയേല്‍ നടത്തിയ തിച്ചടിയിലും അറുനൂറോളം പേര്‍ മരിച്ചു. 2500 പേര്‍ക്ക് പരിക്കേറ്റു. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഇസ്രയേല്‍ തിരിച്ച് നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 270ല്‍ അധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഗാസയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിന് മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ജനങ്ങളോടാവശ്യപ്പെട്ടു. ഗാസയിലെ ഏഴ് മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകാനാണ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒട്ടേറെ ഇസ്രയേല്‍ പൗരന്മാരെയും സൈനികരെയും പലസ്തീന്‍ സായുധപ്രസ്ഥാനമായ ഹമാസ് ബന്ദികളാക്കി.
ഇസ്രയേല്‍ യുദ്ധത്തിലാണെന്ന പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ്, ഗാസയില്‍ അവര്‍ പ്രത്യാക്രമണം കടുപ്പിച്ചത്. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി ഇന്ന് ചേരും. യുഎസ്, യുകെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ഹമാസ് ആക്രമണത്തെ അപലപിച്ചിരുന്നു. അതേസമയം ഇറാന്‍ ഹമാസിനെ പിന്തുണച്ചു.
ഗാസയിലേക്കുള്ള വൈദ്യുതി ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചു. ഗാസയിലേക്കുള്ള ഇന്ധനമടക്കമുള്ള ചരക്ക് നീക്കം പൂര്‍ണമായും തടയുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേല്‍ കൂടുതല്‍ വ്യോമാക്രമണത്തിന് കോപ്പുകൂട്ടുകയാണ്. ഇസ്രയേലിലലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. ഇസ്രയേലില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ സ്ഥിതി നിരീക്ഷിച്ച ശേഷം അടുത്ത നടപടികള്‍ തീരുമാനിക്കും.
ജറുസലമിലെ അല്‍ അഖ്സ പള്ളിയില്‍ കഴിഞ്ഞ ഏപ്രിലില്‍ ഇസ്രയേല്‍ സൈന്യം കടന്നുകയറിയതിനെത്തുടര്‍ന്ന് മൂര്‍ച്ഛിച്ച ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷം ഇപ്പോള്‍ നേര്‍ക്കുനേര്‍ യുദ്ധമായി മാറിയിരിക്കുകയാണ്. 2021 ല്‍ 11 ദിവസം നീണ്ട ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഘര്‍ഷാവസ്ഥയാണിത്. 'ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്‌ളഡ്' എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്. അതീവസുരക്ഷയുള്ള ഗാസ ഇസ്രയേല്‍ അതിര്‍ത്തിവേലി ലംഘിച്ചു സായുധരായ ഹമാസ് സംഘം തെക്കന്‍ ഇസ്രയേല്‍ പട്ടണങ്ങളിലേക്കു നുഴഞ്ഞുകയറിയതിനൊപ്പമാണ് ഇന്നലെ രാവിലെ 6.30ന് (ഇന്ത്യന്‍ സമയം രാവിലെ 9) ഗാസയില്‍നിന്നു കനത്ത റോക്കറ്റാക്രമണം ആരംഭിച്ചത്. ടെല്‍ അവീവിന് സമീപം വരെ റോക്കറ്റുകള്‍ പതിച്ചു.
ഇസ്രയേലില്‍ കടന്ന ഹമാസ് സംഘം ഒട്ടേറെ സൈനികരെയും കമാന്‍ഡര്‍മാരെയും കൊലപ്പടുത്തിയതായി ഇസ്രയേല്‍ സേന സ്ഥിരീകരിച്ചു. അതിര്‍ത്തിയില്‍ 7 സ്ഥലങ്ങളില്‍ നുഴഞ്ഞു കയറിയ സംഘത്തില്‍ ആയിരത്തോളം പേരുണ്ടായിരുന്നുവെന്നാണ് സൂചന. ഗാസയോട് ചേര്‍ന്ന തെക്കന്‍ ഇസ്രയേലിലെ കഫര്‍ അസ, സ്‌ദെറോത്, സുഫ, നഹല്‍ ഓസ്, മാഗെന്‍, ബീയിറൈ എന്നീ പട്ടണങ്ങളിലടക്കം 25 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടല്‍ തുടരുന്നതായി ഹമാസ് അവകാശപ്പെട്ടു. അതേസമയം, കടല്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘത്തെ വെടിവച്ചുകൊന്നതായി ഇസ്രയേല്‍ സേന അറിയിച്ചു. ഇതിനിടെ എയര്‍ ഇന്ത്യ ഇന്നലെ മുതല്‍ തന്നെ ഇസ്രയേലിലേയ്ക്കുള്ള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തി.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads