തിരുവനന്തപുരം: മണിപ്പുര്‍ ജനതയ്ക്കായി എല്‍ഡിഎഫ് ഈ മാസം 27ന് കേരളമൊട്ടാകെ 'സേവ് മണിപ്പുര്‍' എന്നപേരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. 14 ജില്ലകളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പരിപാടിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അറിയിച്ചു.കൂട്ടായ്മയ്ക്ക് മുന്നോടിയായി ഞായറാഴ്ച എല്ലാ ജില്ലയിലും എല്‍.ഡി.എഫ്. യോഗംചേരും. 24-ന് മണ്ഡലം കമ്മിറ്റിയോഗം നടക്കും. ഇന്ത്യ ലോകത്തിന് മുന്നില്‍ അപമാനിതരായിക്കൊണ്ടിരിക്കുകയാണ്. മണിപ്പുരിലെ കലാപം എത്രയോ പേരുടെ ജീവന്‍ അപഹരിച്ചു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കാര്യം ഏത് മനുഷ്യമനഃസാക്ഷിയേയും ഞെട്ടിക്കുന്നതാണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുക, കൂട്ടബലാത്സംഗം ചെയ്യുക, സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തിക്കുക, പ്രതിരോധിക്കുന്നവരെ ചുട്ടും തല്ലിയും വെട്ടിയും കൊല്ലുക. ചെറിയ ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയാണ് മണിപ്പുരിലെ ബി.ജെ.പി. സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയാത്ത സംസ്ഥാന ഭരണമാണ് മണിപ്പുരിലുള്ളത്. അവരുടെ എല്ലാ ജനവിരുദ്ധ നയങ്ങളേയും അങ്ങേയറ്റം സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്രയും ഭീകരമായ അവസ്ഥ മുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
കേരളത്തിന്റെ വികസനം ജനങ്ങളെ അറിയിക്കാന്‍ ദേശീയ സംസ്ഥാന തലത്തില്‍ വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി നവംബര്‍ ഒന്നു മുതല്‍ 7വരെ തിരുവനന്തപുരത്ത് കേരളീയം പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.