ഇംഫാല്‍: കലാപം ശമിച്ചു തുടങ്ങിയ മണിപ്പുരിലെ മിക്ക ജില്ലകളും സാധാരണനിലയിലേയ്ക്ക് എത്തുന്നു. കര്‍ഫ്യൂവില്‍ കൂടുതല്‍ ഇളവ് അനുവദിച്ചുവെങ്കിലും സൈനിക നീക്കം നടക്കുന്നുണ്ട്. അഞ്ച് ജില്ലകളിലെ കര്‍ഫ്യൂ പൂര്‍ണമായും ഒഴിവാക്കി. സംഘര്‍ഷം രൂക്ഷമായിരുന്ന ചുരാചന്ദ്പുര്‍, ചന്ദേല്‍ ജില്ലകളില്‍ 10 മണിക്കൂര്‍ കര്‍ഫ്യൂ ഒഴിവാക്കി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപുര്‍ ജില്ലകളില്‍ 12 മണിക്കൂര്‍ കര്‍ഫ്യൂ ഒഴിവാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ 72 മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് പിന്നാലെ സ്ഥിതി മെച്ചപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഒരു മാസം നീണ്ട സംഘര്‍ഷത്തില്‍ ഇതുവരെ 98 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
ഇന്ന് വൈകിട്ട് മുതല്‍ പൊലീസിന്റെയും സൈന്യത്തിന്റെയും ആയുധങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിരവധി പേര്‍ പൊലീസ് സ്റ്റേഷനിലെത്തി ആയുധങ്ങള്‍ വച്ച് കീഴടങ്ങി.