ലക്‌നൗ: യുപിയിലെ മുസാഫര്‍നഗറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തു. പരാതിയില്ലെന്ന് മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിതാവ് അറിയിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്ലീം വിദ്യാര്‍ത്ഥിയാണ് അദ്ധ്യാപികയുടെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. കൂട്ടുകാരായ വിദ്യാര്‍ത്ഥികളെക്കൊണ്ട് വിദ്യാര്‍ത്ഥിയെ അടിപ്പിച്ച ഈ അധ്യാപിക
മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് (153എ) ചുമത്തണമെന്നാവശ്യപ്പെട്ട് യുപി സ്വദേശിയായ അഭിഭാഷകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സംഭവത്തിന്റെ വീഡിയോ പങ്കുവയ്ക്കരുതെന്നും കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും ദേശീയ ബാലവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ചെറിയ സംഭവത്തെ പെരുപ്പിച്ചുകാട്ടുകയാണെന്ന നിലപാടിലാണ് സ്‌കൂള്‍ ഉടമ കൂടിയായ, കുറ്റകൃത്യം നടത്തിയ അധ്യാപിക. കുട്ടി രണ്ട് മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും താന്‍ ഭിന്നശേഷിക്കാരിയായതിനാലാണ് മറ്റു കുട്ടികളെക്കൊണ്ട് അടിപ്പിച്ചതെന്നുമാണ് അവരുടെ വിശദീകരണം.
ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളില്‍ വ്യാഴാഴ്ചയുണ്ടായ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. അധ്യാപിക കസേരയിലിരുന്നു നിര്‍ദേശം നല്‍കുകയും കുട്ടികള്‍ ഓരോരുത്തരായെത്തി ഒരു കുട്ടിയെ മര്‍ദ്ദിക്കുകയുമായിരുന്നു.'എന്താണിത്ര പതുക്കെ തല്ലുന്നത് ? ശക്തിയായി അടിക്കൂ' എന്ന് അധ്യാപിക പറയുന്നതും വീഡിയോയിലുണ്ട്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പറയുന്നു. ബോധപൂര്‍വമുള്ള മര്‍ദനം (323), മനഃപൂര്‍വമുള്ള അപമാനം (504) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങാന്‍ വയ്യാത്തതിനാലാണ് പരാതി നല്‍കാതിരുന്നതെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.