തിരുവനന്തപുരം: ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. 'ജീവിതം ഒരു പെന്‍ഡുല'മെന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.സര്‍ഗാത്മകതയുടെ ബഹുമുഖമേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും തീരാനഷ്ടങ്ങളും വേദനയുടെ അക്ഷരങ്ങളാല്‍ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് 'ജീവിതം ഒരു പെന്‍ഡുലം'. മലയാളസിനിമാഗാനമേഖലയുടെ ചരിത്രവും വര്‍ത്തമാനവും ഈ ഗ്രന്ഥത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും.
എഴുത്തുകാരായ വിജയലക്ഷ്മി, ഡോ. പി.കെ രാജശേഖരന്‍, ഡോ. എല്‍. തോമസ്‌കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് സമ്മാനിക്കുമെന്ന് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അദ്ധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു.
പരേതരായ കളരിക്കല്‍ കൃഷ്ണപിള്ളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും മകനായി 1940ല്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച ശ്രീകുമാരന്‍ തമ്പി പി. സുബ്രഹ്മണ്യത്തിന്റെ 'കാട്ടുമല്ലിക' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രഗാനരചനയിലേക്ക് പ്രവേശിക്കുന്നത്. മൂവായിരത്തിലധികം ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. ലളിതഗാനങ്ങള്‍, ആല്‍ബം ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങി ആയിരത്തോളം രചനകള്‍ വേറെയും. ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍തമ്പി-എം.കെ. അര്‍ജ്ജുനന്‍ കൂട്ടുകെട്ടുകള്‍ മലയാളത്തിന് കുറച്ചധികം നിത്യഹരിതസിനിമാഗാനങ്ങള്‍ സമ്മാനിച്ചു. മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത ശ്രീകുമാരന്‍ തമ്പി എണ്‍പതോളം സിനിമകള്‍ക്ക് തിരക്കഥ എഴുതി. ഇരുപത്തിരണ്ട് സിനിമകളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചു. 'നീലത്താമര', 'അച്ഛന്റെ ചുംബനം', 'അമ്മയ്ക്കൊരു താരാട്ട്', 'പുരതലാഭം' തുടങ്ങി പത്ത് കാവ്യസമാഹരങ്ങളും നാല് നോവലുകളും ആയിരത്തൊന്ന് ഗാനങ്ങളുടെ സമാഹാരമായ 'ഹൃദയസരസ്സ്', ഒരു നാടകം എന്നിവയും ശ്രീകുമാരന്‍ തമ്പിയുടേതായുണ്ട്.
ഏറ്റവും മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്‌കാരം, പ്രേംനസീര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, മയില്‍പ്പീലി പുരസ്‌കാരം, കേരളസംഗീതനാടക അക്കാദമി പുരസ്‌കാരം, മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് ജെ.സി. ഡാനിയല്‍ പുരസ്‌കാരം എന്നിവ ശ്രീകുമാരന്‍ തമ്പി്ക്ക് ലഭിച്ചിട്ടുണ്ട്. രാജേശ്വരിയാണ് പത്നി. കവിത, പരേതനായ രാജകുമാരന്‍ തമ്പി എന്നിവരാണ് മക്കള്‍.