പോണ്ട്വെ: ഉഗാണ്ടയില്‍ സ്‌കൂളിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 41 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നിരവധിപേരെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയും ചെയ്തു. കോംഗോയുടെ അതിര്‍ത്തി പ്രദേശത്തെ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് പോണ്ട്വെ ലുബിറിഹ മേയര്‍ സെല്‍വെസ്റ്റ് മാപോസ് അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനും രണ്ടു പേര്‍ നാട്ടുകാരുമാണ്. സ്‌കൂള്‍ ഡോര്‍മെട്രിയും സ്റ്റോര്‍ റൂമും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സ്‌കൂളിന് നേരെ ബോംബ് എറിയുകയും ചെയ്തു. ചിലരെ വെട്ടിയും വെടിവച്ചുമാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നാണു റിപ്പോര്‍ട്ട്. ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (എഡിഎഫ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളുകള്‍ കത്തിക്കുന്നതും വിദ്യാര്‍ത്ഥികളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതും ഈ സംഘടനയുടെ പതിവാണ്. 1990കളില്‍ രൂപം കൊണ്ട എഡിഎഫിനെ 2001ല്‍ സൈന്യം ഉഗാണ്ടയില്‍നിന്ന് തുരത്തിയിരുന്നു. തുടര്‍ന്ന് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എഡിഎഫ്, ഐഎസുമായി ബന്ധം സ്ഥാപിക്കുകയും ഉഗാണ്ടയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയുമാണ്.