ബിഷ്ണുപുര്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ മരിച്ചു. ക്വാക്ത മേഖലയില്‍ പുലര്‍ച്ചെ 2 മണിയോടെയുണ്ടായ ഏറ്റുമുട്ടലില്‍ മെയ്തി വിഭാഗക്കാരാണ് വെടിയേറ്റ് മരിച്ചത്. കുക്കി വിഭാഗക്കാരുടെ നിരവധി വീടുകള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു. നിരോധിത മേഖലയിലേക്കു കടന്ന പ്രക്ഷോഭകാരികള്‍ക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച സുരക്ഷാസേനയുമായുണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് നിരോധനാജ്ഞയില്‍ നല്‍കിയ ഇളവുകള്‍ റദ്ദാക്കി.മൂന്നുമാസമായി തുടരുന്ന മണിപ്പുര്‍ കലാപത്തില്‍ ഇതുവരെ 160ലേറെപ്പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേയ് 3ന് മെയ്തി വിഭാഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിയോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്.