സവിതാവിനോദ്
നിന്റെ മുറിവുകളില്‍ തറച്ച
മുള്ളിന്റെ ഒരു തുണ്ട് എന്റെ
ചിന്തയിലും പതിച്ചു
ചോര വാര്‍ന്നതിനാലാകാം
എന്റെ കവിതയില്‍ നിന്റെ
കഥയുടെ തൂവലുകള്‍
തുന്നിച്ചേര്‍ക്കാന്‍ കഴിയാതെ പോയത്
നിന്റെ മുറിവുകള്‍ തുന്നിയ
സൂചികള്‍ തന്നെയായിരുന്നു
നിന്നിലേക്ക് എന്നെ വിലക്കിയ
ഉടമ്പടികള്‍ തീര്‍ത്തതും
ഉപേക്ഷിച്ചുപോയ
പ്രണയത്തിന്റെ തുന്നിത്തീര്‍ക്കാത്ത
ഉടമ്പടികള്‍
നിനക്ക് വേണ്ടിയുള്ള എന്റെ
കവിതകള്‍ക്ക് ഞാന്‍ ചിറക്
തുന്നുമ്പോഴൊക്കെയും
നിന്റെ ഉടമ്പടികളില്‍ ഞാന്‍
മരിച്ചു വീഴുകയായിരുന്നു
നൊന്ത കിനാക്കളുടെ കൂരിരുട്ട്
ചാലിച്ച കവിതകളാല്‍ ഞാന്‍
കണ്ണെഴുതുമ്പോള്‍
നീയറിയാതെ
നിന്റെ കണ്ണുകളില്‍
ആ മുറിവുകള്‍ തുന്നിയ
മഞ്ഞ മന്ദാരങ്ങള്‍ ചുംബിച്ചു
കൊണ്ടേയിരുന്നു
നാം നടന്നകന്ന വഴികളില്‍
എപ്പോഴാകും എന്റെ കിനാക്കളില്‍
നിന്റെ ഉടമ്പടികള്‍ക്ക് തീപിടിച്ചിട്ടുണ്ടാകുക
മഴപ്പാറ്റകളുടെ നൃത്തം പോല്‍
നൈമിഷികമായ സ്മൃതിയുടെ
ചിറകുകള്‍
പ്രണയ നൃത്തത്തില്‍
അറ്റു പോയിട്ടും
നമ്മളില്‍ അവശേഷിച്ചത്
എന്തായിരുന്നു