കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പുകളെല്ലാം സ്റ്റേ ചെയ്തു.
കോഴിക്കോട് കിണാശേരി സ്വദേശി ഷഹബാസിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഭരണഘടനാ പ്രകാരമല്ല യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നതായിരുന്നു പരാതി. കോടതി അടുത്തമാസം അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
എ, ഐ ഗ്രൂപ്പുകളാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എ ഗ്രൂപ്പിലെ രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിലെ അബിന്‍ വര്‍ക്കിയുമാണ് ഏറ്റുമുട്ടുന്നത്. 'വിത്ത് ഐവൈസി' എന്ന മൊബൈല്‍ ആപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആപ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം 50 രൂപയടച്ച് അംഗത്വമെടുക്കണം.
തുടര്‍ന്ന് വോട്ട് ചെയ്യാനുള്ള ക്രമീകരണമാണുള്ളത്. സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളെ ഒരുമിച്ച് തിരഞ്ഞെടുക്കുന്ന രീതിയാണ്. ജൂണ്‍ 28ന് ആരംഭിച്ച വോട്ടെടുപ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഞായറാഴ്ച വീണ്ടും ആരംഭിച്ച് ഓഗസ്റ്റ് 11ന് വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരുന്നത്.