Header ads

CLOSE

വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: സംവരണം എന്ന്  നടപ്പാകുമെന്ന് ഒരുറപ്പുമില്ല; ലക്ഷ്യം 2024ലെ വനിതാ വോട്ട്

വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു:  സംവരണം എന്ന്  നടപ്പാകുമെന്ന് ഒരുറപ്പുമില്ല; ലക്ഷ്യം 2024ലെ വനിതാ വോട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ നിയമനിര്‍മ്മാണ സഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീ സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതുവഴി ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും. ബില്‍പ്രകാരം പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കണം. ഈ സംവരണ സീറ്റുകള്‍ ചാക്രിക ക്രമത്തില്‍ മാറും. രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല. യു.പി.എ. ഭരണകാലത്ത് 2008-ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായിട്ടും ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി ചേര്‍ന്ന ലോക്‌സഭാസമ്മേളനത്തില്‍ ആദ്യ ബില്ലായാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്.128-ാം ഭരണഘടനാ ഭേദഗതിയായാണ് വനിതാസംവരണബില്‍ അവതരിപ്പിച്ചിരിക്കുന്നത്.
വനിതാ സംവരണം നിലവില്‍ വന്നാല്‍ ലോക്സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ല്‍ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു. എന്നാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല. എന്ന് നടപ്പിലാകുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുമില്ല. സെന്‍സസിനും മണ്ഡല പുനനിര്‍ണയത്തിനും ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. നേരത്തെ സഭ പാസാക്കിയ ബില്‍ നിലവിലിരിക്കെ പുതിയ ബില്ലില്‍ സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചിരുന്നു.

വനിതാ സംവരണം എന്ന് 
നടപ്പാകുമെന്ന് ഒരുറപ്പുമില്ല
ന്യൂഡല്‍ഹി: 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരെ പാട്ടിലാക്കുക എന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച വനിതാസംവരണബില്‍ എന്ന് നടപ്പാകുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. രാജ്യത്ത് സെന്‍സസ് നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം മണ്ഡലപുനര്‍നിര്‍ണ്ണയം പൂര്‍ത്തിയാക്കണം. അതിന് ശേഷം മാത്രമേ വനിതാസംവരണബില്‍ നടപ്പിലാക്കാനാകുകയുള്ളു. 2029ല്‍ വനിതാസംവരണബില്‍ പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍ പറയുന്നെങ്കിലും നടപ്പാകുമോ എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്. 
10 വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടത്തി ലോക്‌സഭയുടെയും നിയമസഭകളുടെയും മണ്ഡലപുനക്രമീകരണം എന്ന വ്യവസ്ഥയാണ് രാജ്യത്ത് നില നിന്നിരുന്നത്. ഇപ്രകാരം 1961ലും 1971ലും സെന്‍സസ് നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ പുനഃക്രമീകരിച്ചു. അങ്ങനെയാണ് ഇപ്പോഴത്തെ 543 സീറ്റ് എന്ന കണക്കിലെത്തിയത്.എന്നാല്‍ 1976ല്‍ പാസാക്കിയ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം 2001ലെ സെന്‍സസ് വരെ മരവിപ്പിച്ചു. പുനഃക്രമീകരണം വീണ്ടും 25 വര്‍ഷത്തേക്കുകൂടി മരവിപ്പിക്കാന്‍ 2001ല്‍, വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഭരണഘടനാ ഭേദഗതി പാസാക്കി. അപ്രകാരം 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് മാറ്റിവച്ചു. അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് സെന്‍സസ് നടപടികള്‍ ആരംഭിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. തിരഞ്ഞെടുപ്പിനുശേഷം സെന്‍സസും അതിന്റെ അടിസ്ഥാനത്തില്‍ പുനഃക്രമീകരണവും നടന്നാല്‍ മാത്രമേ 2029ലെ പൊതു തിരഞ്ഞെടുപ്പില്‍ വനിതാ സംവരണ പ്രാബല്യത്തില്‍ വരികയുള്ളു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads