Header ads

CLOSE

മിലന്‍ കുന്ദേര അന്തരിച്ചു

മിലന്‍ കുന്ദേര അന്തരിച്ചു

പ്രാഗ്: വിഖ്യാത എഴുത്തുകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. ചൊവ്വാഴ്ച പാരിസിലായിരുന്നു അന്ത്യം. ചെക്കോസ്ലാവാക്യയില്‍ ജനിച്ച കുന്ദേര, കമ്മ്യൂണിസ്റ്റ് ഭരണകൂടം പൗരത്വം നിഷേധിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സിലാണ് ജീവിച്ചിരുന്നത്. ദ് അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ്, ദ് ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്, ദ് ജോക്ക്, ഇമ്മോര്‍ട്ടാലിറ്റി, ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്‌നിഫിക്കന്‍സ് തുടങ്ങിയവയാണ് എക്കാലത്തും അധികാരത്തിനും ഭരണകൂടത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത കുന്ദേരയുടെ പ്രശസ്ത കൃതികള്‍. 
1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലോവാക്യയിലെ ബര്‍ണോ നഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്. പിയാനിസ്റ്റും സംഗീതപണ്ഡിതനുമായിരുന്ന ലുഡ്വിക് കുന്ദേരയാണ് പിതാവ്. കുട്ടിക്കാലത്ത് മിലന്‍ കുന്ദേര പിയാനോ പഠിച്ചിരുന്നു. പിന്നീട് മ്യൂസിക്കോളജിയും പഠിച്ചു. കൗമാരത്തില്‍ അദ്ദേഹം ചെക്കോസ്ലോവാക്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം കുന്ദേര പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ സാഹിത്യവും ലാവണ്യശാസ്ത്രവും പഠിക്കാന്‍ ചേര്‍ന്നു. പിന്നീട് അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സില്‍ വിദ്യാര്‍ത്ഥിയായി. പാര്‍ട്ടി വിരുദ്ധ നിലപാടെടുത്തു എന്ന കാരണത്താല്‍ 1950 ല്‍ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. 
ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ എടുത്ത നിലപാടുകളാണ് കുന്ദേരയെ ഭരണകൂടത്തിന് അനഭിമതനാക്കിയത്. 1956 ല്‍ പാര്‍ട്ടി അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും 1970 ല്‍ വീണ്ടും പുറത്താക്കി.
അലക്‌സാണ്ടര്‍ ഡ്യൂബ്‌ചെക്ക് നേതൃത്വം നല്‍കിയ, പ്രാഗ് വസന്തം എന്നറിയപ്പെടുന്ന രാഷ്ട്രീയ നീക്കത്തില്‍ കുന്ദേരയും പങ്കാളിയായിരുന്നു. അതാണ് കുന്ദേരയെ വീണ്ടും പുറത്താക്കിയതില്‍ കലാശിച്ചത്. 1979 ല്‍ കുന്ദേരയുടെ ചെക്കോസ്ലോവാക്യന്‍ പൗരത്വം സര്‍ക്കാര്‍ റദ്ദാക്കി. അതിനുമുന്‍പ് 1975 ല്‍ത്തന്നെ അദ്ദേഹം ഭാര്യയ്‌ക്കൊപ്പം ഫ്രാന്‍സിലെത്തിയിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ 1981 ല്‍ അവര്‍ക്ക് ഫ്രഞ്ച് പൗരത്വം നല്‍കി. പിന്നീട് 2019 ലാണ് ചെക്ക് റിപ്പബ്ലിക് കുന്ദേരയ്ക്ക് തങ്ങളുടെ രാജ്യത്തിന്റെ പൗരത്വം തിരികെ നല്‍കിയത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads